This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

1962 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം (Peoples Science Movement). സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ചെറിയസംഘം ശാസ്ത്രജ്ഞരും ശാസ്ത്രസാഹിത്യകാരന്മാരും കൂടിച്ചേര്‍ന്ന് 1962 സെപ്. 10-ന് കോഴിക്കോട് രൂപം നല്‍കിയ പരിഷത്ത് തികച്ചും സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘടനയാണ്. മാതൃഭാഷയിലൂടെ ശാസ്ത്രപ്രചാരണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച സംഘടന കേരളത്തിലുടനീളം ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതു ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചുവരുന്നു. മലയാളഭാഷയില്‍ ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുന്നതിനും ശാസ്ത്രസാഹിത്യപരിഷത്ത് നേതൃത്വപരമായ പങ്കുവഹിച്ചു. 1966 ഒക്ടോബറില്‍ ശാസ്ത്രഗതി എന്ന പേരില്‍ ഒരു ത്രൈമാസിക പരിഷത്താരംഭിച്ചു. അത് 1970 മുതല്‍ ദ്വൈമാസികയായും 1974 ജൂണ്‍ മുതല്‍ മാസികയായും മാറി. 1969-ല്‍ ഹൈസ്കൂള്‍കുട്ടികള്‍ക്കുവേണ്ടി ശാസ്ത്രകേരളവും 1970-ല്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കുവേണ്ടി യുറീക്കയും ആരംഭിച്ചു. 2006 മുതല്‍ യുറീക്ക ഒരു ദ്വൈവാരികയായി മാറി.

കലാജാഥ

1973-ല്‍ 'ശാസ്ത്രം സാമൂഹികവിപ്ലവത്തിന്' എന്ന മുദ്രാവാക്യവുമായി പരിഷത്ത് അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കുകയും സാമൂഹികജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.

1977-ല്‍ ശാസ്ത്രസാഹിത്യപരിഷത്ത് പുസ്തക പ്രസിദ്ധീകരണരംഗത്തേക്ക് പ്രവേശിച്ചു. 1700-ല്‍ അധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്രസാഹിത്യരംഗത്തും ബാലസാഹിത്യരംഗത്തും വേറിട്ടു നില്ക്കുന്ന അനേകം ഗ്രന്ഥങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പുസ്തകവില്പനയില്‍ നിന്നും സംഘടനയ്ക്കു ലഭിക്കുന്ന സമ്പത്താണ് പരിഷത്ത് പ്രവര്‍ത്തനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്.

ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയ വീക്ഷണവും ജനസാമാന്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആരംഭിച്ച പദ്ധതിയാണ് ശാസ്ത്രകലാജാഥ. 1980- മുതല്‍ സംഗീതശില്പങ്ങളും തെരുവുനാടകങ്ങളും നാടോടി നൃത്തങ്ങളും ഫലപ്രദമായി കോര്‍ത്തിണക്കിക്കൊണ്ട് പരിഷത്ത് ശാസ്ത്രകലാജാഥകള്‍ സംഘടിപ്പിച്ചു വരുന്നു.

ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്നനിലയില്‍ സാമൂഹിക പ്രസക്തിയുള്ള എല്ലാ രംഗങ്ങളിലേക്കും പരിഷത്ത് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പരിഷത്തിന്റെ ഗൗരവമായ പരിഗണനയ്ക്ക് വിധേയമായ ആദ്യത്തെ കര്‍മരംഗം വിദ്യാഭ്യാസമായിരുന്നു. പ്രസിദ്ധ തത്ത്വശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. അശോക്മിത്രയുടെ നേതൃത്വത്തില്‍ ഒന്‍പതു പേരടങ്ങുന്ന ഒരു ജനകീയ വിദ്യാഭ്യാസ കമ്മിഷന് രൂപം കൊടുത്തുകൊണ്ട്, കേരളത്തിന്റെ സമഗ്രമായ വിദ്യാഭ്യാസ പരിഷ്കരണത്തിനായി ആവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ടു തയ്യാറാക്കാനും പരിഷത്തിന് കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ജാഗ്രതയോടെ വീക്ഷിക്കാനും അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താനും ഒരു വിദ്യാഭ്യാസ ഗവേഷണവിഭാഗം പരിഷത്തിന്റെ കീഴില്‍ (ERU - Educational Research Unit) പ്രവര്‍ത്തിച്ചുവരുന്നു.

ആരോഗ്യരംഗത്ത് ജനകീയ ഔഷധനയം (People Drug Policy), ജനകീയാരോഗ്യനയം എന്നിവ അംഗീകരിപ്പിക്കുന്നതിനുവേണ്ടിയും പരിഷത്ത് അനേകം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ആരോഗ്യരംഗത്ത് വര്‍ധിച്ചുവരുന്ന വ്യവസായവത്കരണം, സ്വകാര്യവത്കരണം, ബഹുരാഷ്ട്രമരുന്നുകമ്പനികളുടെ ചൂഷണം, വൈദ്യസേവനരംഗത്തെ വാണിജ്യവത്കരണം എന്നീ പ്രവണതകള്‍ക്കെതിരെയും സമരങ്ങള്‍ സംഘടിപ്പിച്ചു.

വ്യവസായമലിനീകരണത്തിനെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും മലിനീകരണ നിവാരണസംവിധാനം ഏര്‍പ്പെടുത്താന്‍ വ്യവസായസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളാണ് പരിഷത്ത് ആദ്യകാലങ്ങളില്‍ ഏറ്റെടുത്തിരുന്നത്. കൊരട്ടിയിലെ മധുരകോട്ട്സ്, ആലുവാമേഖലയിലെ വ്യവസായസ്ഥാപനങ്ങള്‍, മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ സൃഷ്ടിച്ച മലിനീകരണത്തിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിയും മലിനീകരണ നിയന്ത്രണത്തിനുളള സാങ്കേതിക മാര്‍ഗം നിര്‍ദേശിച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഷത്ത് നടത്തി. കല്ലടയാറ്റിലുണ്ടാകുന്ന മലിനീകരണം, മൂവാറ്റുപുഴയിലുണ്ടാകുന്ന മലിനീകരണം തുടങ്ങിയ ജലമലിനീകരണ പ്രശ്നങ്ങളിലും സൈലന്റ്വാലി ജലവൈദ്യുത പദ്ധതിക്കെതിരായും വ്യക്തമായ നിലപാടുകള്‍ പരിഷത്ത് സ്വീകരിച്ചു.

സമഗ്ര ഗ്രാമീണ സാങ്കേതികവിദ്യ വികസന കേന്ദ്രം - പാലക്കാട്

പരിസ്ഥിതിപ്രശ്നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നതിനു സഹായകമായ അനേകം പഠനങ്ങള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, പദയാത്രകള്‍ തുടങ്ങിയ വൈവിധ്യമേറിയ പ്രവര്‍ത്തനങ്ങളും പരിഷത്ത് സംഘടിപ്പിച്ചുവരുന്നു. അച്ചന്‍കോവില്‍ പഠനം, പമ്പാനദിയുടെ പാരിസ്ഥിതികപ്രശ്നപഠനം, മലനാട് ശില്പശാല, ഇടനാട് ശില്പശാല, വയല്‍നികത്തല്‍-കുന്നിടിക്കല്‍ പഠനം, അഷ്ടമുടിക്കായല്‍ പഠനം, വേമ്പനാട്ടുകായല്‍ പഠനം, വളന്തക്കാട്ട് പഠനം, തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച പഠനം, പാതിരാമണലിന്റെ പാരിസ്ഥിതിക പഠനം, ജലം, ജനസഭ തുടങ്ങിയവയെല്ലാം ഈ ദിശയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്.

ആറാം പദ്ധതിക്കാലത്തുതന്നെ കേരളത്തില്‍ സമഗ്രമായ ഊര്‍ജാസൂത്രണത്തിനുവേണ്ടി വാദിക്കുകയും ഊര്‍ജമെന്നാല്‍ വൈദ്യുതിമാത്രമല്ല എന്നും പാചകം, ഗതാഗതം, വ്യവസായം മുതലായ മേഖലകളിലെ ഊര്‍ജാവശ്യങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതാണെന്നും പരിഷത്ത് അഭിപ്രായപ്പെട്ടിരുന്നു. ഊര്‍ജസംരക്ഷണം, ദക്ഷതകൂടിയ ഉപകരണങ്ങള്‍, പ്രസരണ-വിതരണ നഷ്ടം കുറയ്ക്കല്‍, ചെറുകിടജലവൈദ്യുതപദ്ധതികളുടെ വികസിപ്പിക്കല്‍, വികേന്ദ്രീകൃത ഊര്‍ജാസൂത്രണം എന്നിവ ഊര്‍ജസംരക്ഷണത്തെ സംബന്ധിച്ച് പരിഷത്ത് നടത്തിയ പഠനങ്ങളില്‍ ഉള്‍പ്പെടുന്നു. ഊര്‍ജസംരക്ഷണത്തിന് പരിഷത്ത് നല്‍കിയ പ്രധാന സംഭാവനകളാണ് പരിഷത്ത് അടുപ്പും ചൂടാറാപ്പെട്ടിയും.

ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണം, അധികാര വികേന്ദ്രീകരണത്തിനും വികേന്ദ്രീകൃത ആസൂത്രണത്തിനും വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുത്തുകൊണ്ടാണ് പരിഷത്ത് വികസനരംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്.

പരിഷത്ത് ചൂടാറാപെട്ടി

പരിഷത്ത് എന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനം സ്ത്രീകളുടെ സാമൂഹികപദവി ഉയര്‍ത്തുന്നതിന് ജാഗ്രത പുലര്‍ത്താനും ശ്രമിക്കുന്നുണ്ട്. സാക്ഷരതാ പ്രവര്‍ത്തനരംഗത്തും പരിഷത്ത് ഫലപ്രദമായി ഇടപെടുകയുണ്ടായി.

കേരളത്തിന്റെ വികസനത്തിന് ഗ്രാമീണ സാങ്കേതികവിദ്യയുടെ വികസനവും വിപുലവുമായ പ്രയോഗവും ആവശ്യമാണെന്ന തിരിച്ചറിവിലൂടെ ആ രംഗത്ത് ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനായി പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് മുണ്ടൂരില്‍ സമഗ്ര ഗ്രാമീണ സാങ്കേതിക വിദ്യാവികസനകേന്ദ്രം (Integrated Rurel Technology Centre - IRTC) എന്ന പേരില്‍ ഒരു ഗവേഷണസ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

1962-ല്‍ ഏതാനും ശാസ്ത്ര സാഹിത്യകാരന്മാരുടെ സംഘടനയായി പ്രവര്‍ത്തനം ആരംഭിച്ച ശാസ്ത്രസാഹിത്യപരിഷത്തിന് ഇപ്പോള്‍ ഏകദേശം 40,000 അംഗങ്ങളും 2000 യൂണിറ്റുകളും ഉണ്ട്. ശാസ്ത്രസാഹിത്യപരിഷത്ത് ഐക്യരാഷ്ട്രസംഘടന ഏര്‍പ്പെടുത്തിയ കിങ്സെജോങ് ലിറ്ററസി അവാര്‍ഡ്, ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് എന്നീ അന്താരാഷ്ട്ര ബഹുമതികള്‍ക്ക് അര്‍ഹമായിട്ടുണ്ട്. 1989-ലെ ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്കാരം പരിഷത്തിനു ലഭിക്കുകയുണ്ടായി. ഗ്ളോബല്‍ 500 എന്ന അന്താരാഷ്ട്ര അംഗീകാരത്തിനും പരിഷത്ത് അര്‍ഹമായി. ശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 1983-ലെ വിക്രം സാരാഭായി മെമ്മോറിയല്‍ അവാര്‍ഡ്, ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ICSSR) അവാര്‍ഡ് എന്നിവ പരിഷത്തിനാണ് ലഭിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സമാനതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെ ദേശീയ സംഘടനയായ അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ശൃംഖല(All India Peoples Science Network - ALPSN)യില്‍ ശാസ്ത്രസാഹിത്യപരിഷത്തും അംഗമാണ്.

(ആര്‍. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍